തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ മധു അമ്പലപുരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇന്നലെ അഞ്ച് മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. കേസിൽ അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി ആർ അരവിന്ദാക്ഷൻ്റെ സുഹൃത്താണ് മധു. സാമ്പത്തിക ഇടപാടുകളിൽ അരവിന്ദാക്ഷന്റെ പങ്കാളിയാണ് സിപിഐഎം പ്രാദേശിക നേതാവുകൂടിയായ മധു അമ്പലപുരം എന്ന വിവരം ഇ ഡി ക്ക് ലഭിച്ചിട്ടുണ്ട്.
ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും മധു ഹാജരായിരുന്നില്ല. കേസിലെ മുഖ്യപ്രതി പി സതീഷ് കുമാറിൻ്റെ സഹോദരൻ പി ശ്രീജിത്തിനോടും ഇന്ന് വീണ്ടും ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ കേരള ബാങ്ക് വൈസ് പ്രസിഡൻ്റ് എം കെ കണ്ണന്റേയും കുടുംബത്തിൻ്റെയും സ്വത്ത് വിവരങ്ങൾ ഹാജരാക്കാൻ ഇ ഡി അനുവദിച്ച സമയം ഇന്ന് അവസാനിക്കുകയാണ്. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യലിനെത്തിയപ്പോഴും ആവശ്യപ്പെട്ട രേഖകൾ എം കെ കണ്ണൻ ഹാജരാക്കിയിരുന്നില്ല. പി ആർ അരവിന്ദാക്ഷനെ വീണ്ടും ചോദ്യം ചെയ്യുന്നതിനുള്ള കസ്റ്റഡി അപേക്ഷ ഇ ഡി ഇന്ന് കോടതിയിൽ നൽകിയേക്കും.
പി ആർ അരവിന്ദാക്ഷന്റെ വിദേശ നിക്ഷേപവും വിദേശ മലയാളികളുമായുള്ള ബന്ധവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി അന്വേഷിക്കുന്നുണ്ട്.