Kerala News

കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനെ വീണ്ടും ചോദ്യം ചെയ്തേക്കും, മൂന്ന് പേർക്ക് കൂടി ഇഡി നോട്ടീസ്

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അഴിമതിയിൽ ഭാസുരാം​ഗനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും. ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ഭാസുരാം​ഗനെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. എപ്പോൾ വിളിച്ചാലും ഇഡിക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് ഭാസുരാം​ഗൻ അറിയിച്ചിട്ടുണ്ട്. ഇതിനിടെ ബാങ്കിൽ വൻ നിക്ഷേപമുള്ള മൂന്നു പേർക്ക് ഇഡി നോട്ടീസ് നൽകി. ക്രമക്കേട് സംബന്ധിച്ച് നിർണായക വിവരങ്ങൾ ഇഡിക്ക് ലഭിച്ചു എന്നാണ് വിവരം.

കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ എൻ ഭാസുരാം​ഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ഡിസ്ചാർജ് ചെയ്തു. അതിനു മുൻപ് തന്നെ മകൻ അഖിൽ ജിത്തിനൊപ്പമിരുത്തി ഭാസുരാം​ഗ ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നു. ബാങ്കിൽ നിന്ന് ഇടപാടുകൾ അടങ്ങിയ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് ഉൾപ്പെടെ രേഖകൾ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വി​ദഗ്ധ പരിശോധനയിലാണ് 50 ലക്ഷം മുതൽ മൂന്ന് കോടി വരെ ബാങ്കിൽ നിക്ഷേപമുള്ളവരെ കണ്ടെത്തിയത്. ഇവർക്ക് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. പണത്തിന്റെ സ്രോതസ്സ് കാണിക്കാനാണ് നോട്ടീസ് നൽകിയത്. കൂടുതൽ പേർക്ക് നോട്ടീസ് അയച്ചേക്കും.

ബാങ്കിൽ നിന്ന് ലഭിച്ച ചില രേഖകളിൽ അവ്യക്തത വന്നതോടെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി, രാജേന്ദ്രൻ എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. ജീവനക്കാരായ ശ്രീകുമാർ, അനിൽകുമാർ എന്നിവരുടെ വീടുകളിൽ പരിശോധന നടത്തി ചില വീടുകളിൽ നിന്ന് പ്രമാണങ്ങൾ അടക്കമുള്ള രേഖകളും കണ്ടെടുത്തിട്ടുണ്ട്.

Related Posts

Leave a Reply