ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ചോദ്യം ചെയ്ത് കേരളം നൽകിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സുപ്രിംകോടതി നിര്‍ദ്ദേശം അനുസരിച്ച് കേന്ദ്ര സര്‍ക്കാരുമായി നടത്തിയ സമവായ ചര്‍ച്ച പരാജയപ്പെട്ടുവെന്ന് കേരളം അറിയിക്കും. ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലുള്ളതിനാല്‍ തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യവും സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിക്കും. കേന്ദ്ര ധനമന്ത്രാലയവുമായി കേരള ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരും അറിയിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേരളത്തിന് വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് ഹാജരാകുന്നത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണി ഹാജരാകും. കേരളത്തിന്റെ കടമെടുപ്പിനെ കേന്ദ്ര സര്‍ക്കാര്‍ തടസപ്പെടുത്തുന്നുവെന്നും വായ്പാ പരിധി വെട്ടിക്കുറച്ച നടപടി നിയമ വിരുദ്ധമാണെന്നുമാണ് കേരളത്തിന്റെ വാദം. കേന്ദ്രസർക്കാരാണ് കൂടുതൽ കടമെടുക്കുന്നതെന്നും കേന്ദ്രത്തിന്റെ മോശം റേറ്റിങ് സംസ്ഥാനങ്ങളെ ബാധിക്കുന്നെന്നും കേരളം വാദിക്കുന്നു.കേരളത്തിന്റെ ധനമാനേജ്‌മെന്റ് മോശമാണെന്നും കിഫ്ബി അടക്കമുള്ള സംവിധാനങ്ങൾ വഴി ബജറ്റിനുപുറത്തുള്ള കടമെടുപ്പ് നടത്തുന്നത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നുമൊക്കെയാണ് കേന്ദ്രം ആരോപിക്കുന്നത്. സംസ്ഥാനങ്ങളുടെ കടക്കെണി രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ പറയുന്നു. വായ്പാ പരിധി നിശ്ചയിക്കുന്നത് നയപരമായ തീരുമാനമാണ്. കൂടുതൽ കടമെടുക്കാൻ അനുവദിക്കുന്നത് സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കും. കേരളത്തിന്റെ കടമെടുപ്പ് സുതാര്യമല്ലെന്നും കേന്ദ്രം അഭിപ്രായപ്പെടുന്നു.