Entertainment India News

‘കങ്കുവയിലെ എന്റെ അവസാനത്തെ ഷോട്ടും പൂർത്തിയായി, പോസിറ്റീവ് വൈബ്സ് ഒൺലി’; സൂര്യ

38 ഭാഷകളിൽ മാസീവ് റിലീസായി എത്തുന്ന ചിത്രമാണ് സൂര്യ നായകനാകുന്ന ‘കങ്കുവ’. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് നടൻ തന്നെ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. കങ്കുവയിലെ തന്റെ അവസാനം ഭാഗവും ചിത്രീകരിച്ചു കഴിഞ്ഞുവെന്നാണ് താരം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മുഴുവൻ യൂണിറ്റും പോസിറ്റിവറ്റി കൊണ്ട് നിറഞ്ഞതായിരുന്നുവെന്നും ഒന്നിന്റെ പൂർത്തീകരണവും പലതിന്റെ തുടക്കവുമാണ് എന്നും സൂര്യ പോസ്റ്റിൽ പറയുന്നു. മികച്ച ഓർമ്മകൾ സമ്മാനിച്ചതിന് സംവിധായകൻ ശിവയ്ക്കും മുഴുവൻ ടീമിനും നന്ദി അറിയിക്കുന്നതായും പ്രേക്ഷകർ കങ്കുവ സ്‌ക്രീനിൽ കാണുന്ന ആ നിമിഷത്തിനായി കാത്തിരിക്കാനാകുന്നില്ല എന്നും സൂര്യ കൂട്ടിച്ചേർത്തു. താരത്തിന് ആശംസകളിറിയിച്ച് ആരാധകരും പോസ്റ്റിന് പ്രതികരിച്ചിട്ടുണ്ട്. പത്ത് ഇന്ത്യൻ ഭാഷകളിലാണ് ആദ്യം റിലീസിന് പദ്ധതിയിട്ടിരുന്നതെന്നും സിനിമയുടെ മൂല്യം കണക്കിലെടുത്ത് കൂടുതൽ ഭാഷകളിൽ പുറത്തിറക്കാൻ തീരുമാനിക്കുകയായിരുന്നെന്നും നിർമ്മാതാക്കളിൽ ഒരാളായ കെ ഇ ജ്ഞാനവേൽ രാജ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്സ് സ്ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് കങ്കുവയിൽ. യോദ്ധാവായുള്ള താരത്തിന്റെ ലുക്ക് മാത്രമാണ് ഇതുവരെ പുറത്തുവന്നത്.

Related Posts

Leave a Reply