Kerala News

ഓണക്കാലം കെങ്കേമമാക്കാൻ സർക്കാർ ഖജാനവിലേക്കു ബെവ്കോ നൽകിയത് 1100 കോടി രൂപ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണക്കാലം കെങ്കേമമാക്കാൻ സർക്കാരിനെ സഹായിച്ച് ബെവ്‌കൊ. ആദായ നികുതി വകുപ്പിന്റെ നിയമ കുരുക്കിൽപ്പെട്ട 1100 കോടിയോളം രൂപയാണ് ദീർഘകാല നിയമപോരാട്ടത്തിനൊടുവിൽ അപ്രതീക്ഷിതമായി സർക്കാർ ഖജനാവിലെത്തിയത്. ബീവറേജസ് കോർപ്പറേഷൻ എം ഡി യോഗേഷ് ഗുപ്തയുടെ നിർണായക ഇടപെടലാണ് ഇതിന് വഴിയൊരുക്കിയത്. യോഗേഷ് ഗുപ്തയെ പ്രശംസിച്ച് എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

വരുമാന കണക്കുകളിൽ കൃത്രിമം ആരോപിച്ച് 2019 ൽ ആദായ നികുതി വകുപ്പ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയിലൂടെയാണ് തുടക്കം. ബിവറേജസ് കോർപ്പറേഷനിൽ നിന്ന് 1015 കോടി രൂപയാണ് നികുതിയായി വകുപ്പ് ഈടാക്കിയത്. ഇതോടെ മദ്യ കമ്പനികൾക്ക് പണം നൽകുന്നതുൾപ്പെടെ ബെവ്കോയുടെ പല ഇടപാടുകളും താറുമാറായി.

2020-21 ൽ 248 കോടിയായിരുന്നു ബെവ്കോയുടെ നഷ്ടം. അപ്പോഴാണ് കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് ബെവ്കോ ചെയർമാനും എം ഡി യുമായി എഡിജിപി യോഗേഷ് ഗുപ്ത ചുമതലയേൽക്കുന്നത്. ചുമതലയേറ്റ ആദ്യ വർഷം 2020-22ൽ ലാഭം ആറ് കോടി. കണക്കുകള്‍ കൃത്യമായി പരിശോധിച്ച് ശാസ്ത്രീയമായി ചിട്ടപ്പെടുത്തി. നീതി നിഷേധത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ബെവ്കോയെ കേൾക്കാൻ അവസരം ഒരുങ്ങി. വാദങ്ങൾ പരിഗണിച്ചു. സർ ചാർജ്, ടേൺ ഓവർ എന്നിവ അംഗീകരിക്കണമെന്ന ആവശ്യവും പരിഗണിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.പിടിച്ചെടുത്ത തുക പലിശ സഹിതം തിരിച്ചുനൽകാൻ ഉത്തരവിട്ടു. ഖജനാവിലേക്ക് പലിശ സഹിതം പണമെത്തി. പണം മൂന്നു ഗഡുക്കളായി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. 734 കോടി രൂപയാണ് അക്കൗണ്ടിലെത്തിയത്. ബാക്കി പിന്നാലെ എത്തും. യാേഗേഷ് ഗുപ്തയുടെ മികവാണ് തുണയായതെന്ന് മന്ത്രി എം ബി രാജേഷ് ഉൾപ്പെടെ വ്യക്തമാക്കി കഴിഞ്ഞു.

Related Posts

Leave a Reply