Kerala News

ഒളിമ്പിക് മെഡലിസ്റ്റ് പി ആര്‍ ശ്രീജേഷിന് സര്‍ക്കാര്‍ നല്‍കുന്ന സ്വീകരണം മാറ്റിവെച്ചതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

തിരുവനന്തപുരം: ഒളിമ്പിക് മെഡലിസ്റ്റ് പി ആര്‍ ശ്രീജേഷിന് സര്‍ക്കാര്‍ നല്‍കുന്ന സ്വീകരണം മാറ്റിവെച്ചതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാജ്യത്തിന്റെ അഭിമാന താരമായ പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്വീകരണം മന്ത്രിമാരുടെ ഈഗോ ക്ലാഷിനെ തുടര്‍ന്ന് മാറ്റിവയ്‌ക്കേണ്ടി വന്നത് കായിക രംഗത്തോടുള്ള അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.

കായിക വകുപ്പാണോ വിദ്യാഭ്യാസ വകുപ്പാണോ സ്വീകരണം നല്‍കേണ്ടതെന്ന തര്‍ക്കം സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വമില്ലായ്മയും വീഴ്ചയുമാണ്. രാജ്യത്തിന് വേണ്ടി രണ്ട് ഒളിംപിക് മെഡല്‍ നേടിയ കായിക താരത്തെ വ്യക്തിപരമായി അവഹേളിക്കുക കൂടിയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്തത്.

മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കവും ഒടുവില്‍ മുഖ്യമന്ത്രി ഇടപെട്ട് ചടങ്ങ് മാറ്റി വച്ചതുമൊന്നും അറിയാതെ ശ്രീജേഷും കുടുംബവും സ്വീകരണ ചടങ്ങിന് തിരുവനന്തപുരത്തേക്ക് തിരിച്ചിരിക്കുന്നു. രാജ്യം ആദരിക്കുന്ന ഹോക്കി താരത്തോട് എന്ത് മര്യാദയാണ് സംസ്ഥാന സര്‍ക്കാര്‍ കാട്ടിയത്? ജന്മനാട്ടില്‍ പി ആര്‍ ശ്രീജേഷ് നേരിട്ട അപമാനത്തിന് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. ഇനി ഒരു കായികതാരത്തിനും ഇത്തരം ഒരു അവസ്ഥ ഉണ്ടാകരുത്. അഭിമാന താരങ്ങളെ അപമാനിക്കാതിരിക്കാനെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശ്രീജേഷും കുടുംബവും സ്വീകരണത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു. യാത്രാമധ്യേ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച് സ്വീകരണം മാറ്റിവെച്ച കാര്യം അറിയിക്കുകയായിരുന്നു.

Related Posts

Leave a Reply