വാർഷിക ഐഫോൺ ഇവന്റിൽ നെക്സ്റ്റ് ജനറേഷൻ സിരീസിലെ ഐഫോൺ 16 അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവ ആയിരിക്കാം ഇവന്റിൽ ലോഞ്ച് ചെയ്യുന്നത്. ഗ്ലോടൈം ഇവന്റെന്ന് പേരിട്ടിരിക്കുന്ന ചടങ്ങിലാണ് ഐഫോൺ 16 സിരീസ് പുറത്തിറക്കാൻ സാധ്യത കാണുന്നത്. സെപ്റ്റംബർ 9ന് ഇന്ത്യൻ സമയം രാത്രി 10.30നാണ് അവതരിപ്പിക്കുക.
ഐഫോണുകൾക്ക് പുറമേ, വാച്ചുകളും എയർപോഡുകളും ഉൾപ്പെടെ രണ്ട് ആക്സസറികളും ആപ്പിൾ പുറത്തിറക്കുക. മാക്റൂമേഴ്സിന്റെ റിപ്പോർട്ട് അനുസരിച്ച്, ഐഫോൺ 16 സീരീസിൻ്റെ നാല് മോഡലുകളും സെപ്റ്റംബർ 20 മുതൽ ആപ്പിൾ സ്റ്റോറുകളിൽ വാങ്ങാൻ ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്. ഐഫോണുകളിൽ ആപ്പിൾ ഇന്റലിജൻസ് അവതരിപ്പിക്കുന്നതാണ് ഗ്ലോടൈം ഇവന്റിന്റെ ഹൈലൈറ്റ്.
6.1 ഇഞ്ച് സ്ക്രീൻ ആണ് ഐഫോൺ 16 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. എന്നാൽ ഐഫോൺ 16 പ്രോയ്ക്ക് 6.3 ഇഞ്ച് സ്ക്രീൻ ഉണ്ടായിരിക്കും. ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ മാക്സ് എന്നിവ യഥാക്രമം 6.7 ഇഞ്ച്, 6.9 ഇഞ്ച് സ്ക്രീൻ എന്നിങ്ങനെയായിരിക്കും വിപണിയിലെത്തിക്കുക. ക്യാമറയുടെ കാര്യത്തിൽ, ഐഫോൺ 16നും, 16 പ്ലസും അവരുടെ മുൻഗാമികൾക്ക് സമാനമായ ക്യാമറ സവിശേഷതകളാൽ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രോ മോഡലുകൾക്കായി പെരിസ്കോപ്പ് സൂം ലെൻസുകൾ പോലുള്ള പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനും സാധ്യതയുണ്ട്.
ഐഫോൺ 16 സീരീസിൻ്റെ നാല് മോഡലുകൾ ആപ്പിൾ ഇൻ്റലിജൻസിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേ സമയം ഇപ്പോൾ ആപ്പിൾ ഇൻ്റലിജൻസ് ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയിൽ മാത്രമേ ലഭ്യമാകൂ. ഐ ഫോൺ 16ന്റെ വില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.