തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മുതിർന്ന സിപിഐഎം നേതാവ് ഇ പി ജയരാജനെ നീക്കി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലായിരുന്നു തീരുമാനം. അച്ചടക്ക നടപടിയുടെ ഭാഗമായാണ് നീക്കം. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് നടപടി.
ഇ പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ മുന്നണിക്കുള്ളിൽ നിന്നും കടുത്ത അതൃപ്തി ഉയർന്നിരുന്നു. അതേസമയം വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇ പി ജയരാജൻ തയാറായില്ല. വിമാനത്താവളത്തിൽ നിന്നും കണ്ണൂരിലെ വീട്ടിലെത്തിയ ഇ പി ജയരാജൻ ഇപ്പോൾ ഒന്നും പ്രതികരിക്കാനില്ലെന്നും സമയമാകുമ്പോൾ പറയാമെന്നുമാണ് പ്രതികരിച്ചത്. എകെജി സെന്ററിൽ നടക്കുന്ന സംസ്ഥാന സമിതിയിൽ പങ്കെടുക്കാനെത്തിയ നേതാക്കളും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.