തിരുവനന്തപുരം: എസ്എസ്എൽസി മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിക്കാൻ പണം പിരിക്കുന്നതിനെതിരെ കെഎസ്യു പ്രക്ഷോഭത്തിലേക്ക്. ഇന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. തെരുവുകളിൽ ഭിക്ഷയാചിച്ച് പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനതല പ്രതിഷേധം എറണാകുളത്ത് പ്രസിഡണ്ട് അലോഷി സേവ്യറിൻ്റെ നേതൃത്വത്തിൽ നടക്കും.ചോദ്യപേപ്പർ അച്ചടിക്കാൻ വിദ്യാർത്ഥികളിൽ നിന്നും 10 രൂപ വീതം പിരിച്ചെടുക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ചോദ്യപേപ്പർ അച്ചടിക്കാൻ പണമില്ലെങ്കിൽ വിദ്യാർത്ഥികളിൽ നിന്നും പിരിക്കുന്നത് അംഗീകരിക്കില്ലെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. ഉത്തരവ് എത്രയും പെട്ടെന്ന് പിൻവലിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കെഎസ്യു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.