Kerala News

എസ്എഫ്ഐ പ്രതിഷേധത്തിൽ കേന്ദ്രത്തിന് പ്രത്യേക റിപ്പോർട്ട് നൽകും; ജാമ്യം തേടി പ്രതികൾ

തിരുവനന്തപുരം: എസ് എഫ് ഐ പ്രതിഷേധത്തിൽ സംസ്ഥാന സർക്കാറിന്‍റെ റിപ്പോർട്ട് കിട്ടിയശേഷം കേന്ദ്രത്തിന് റിപ്പോർട്ട് നൽകാൻ ഗവർണ്ണ‍റുടെ തീരുമാനം. സംസ്ഥാനത്തിന്‍റെ ക്രമസമാധാന സ്ഥിതിയെ കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടല്ലാതെ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെ കുറിച്ച് പ്രത്യേക റിപ്പോർട്ട് നൽകിയേക്കുമെന്നാണ് വിവരം.

ഈ മാസം 10, 11 തിയ്യതികളിൽ തനിക്ക് നേരെയുണ്ടായ എസ് എഫ് ഐ പ്രതിഷേധത്തെ കുറിച്ചും, ഇതിൽ സംസ്ഥാന സർക്കാർ എടുത്ത നടപടികളെ കുറിച്ചും വിശദീകരിക്കാനാണ് ഗവർണ്ണർ റിപ്പോർട്ട് തേടിയത്. ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് ഇക്കാര്യത്തിൽ ഗവ‍ർണ‍ർ വിശദമായ റിപ്പോ‍ർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധക്കാരെ മന്ത്രിമാർ പൂർണ്ണമായും ന്യായീകരിച്ചതിൽ ഗവർണ്ണർക്ക് അതൃപ്തിയുണ്ട്.

അതേസമയം ഗവ‍ർണ‍ർക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് പിടിയിലായ എസ് എഫ് ഐ പ്രവർത്തകരിൽ 6 പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഐ പി സി 124 ആം വകുപ്പ് ചുമത്തിയ ആറു പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജെ എഫ് എം സി കോടതിയാണ് പരിഗണിക്കുക. പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിശദമായ വാദം കേൾക്കാമെന്ന് തിരുവനന്തപുരം ജെ എഫ് എം സി കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Related Posts

Leave a Reply