എസ്എഫ്ഐയെ വെല്ലുവിളിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലെത്തും വരെ മാര്‍ഗ തടസ്സം ഒന്നും തന്നെ ഉണ്ടായില്ല. എസ്എഫ്ഐ പ്രതിഷേധം എവിടെയും കണ്ടില്ലല്ലോ എന്ന് പരിഹസിച്ച ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പൊലീസിന്റെ വന്‍ സുരക്ഷ വലയത്തിലാണ് ഗവര്‍ണര്‍ കരിപ്പൂരില്‍ നിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെത്തിയത്. യാത്രക്കിടയില്‍ ഒരു പ്രതിഷേധവും ഗവര്‍ണര്‍ക്ക് നേരെ ഉണ്ടായില്ല.
എസ്ഐയുടെ പ്രതിഷേധത്തെ പരിഹസിച്ച ആരിഫ് മുഹമ്മദ് ഖാന് തന്റെ ഒന്നിനെയും ഭയക്കുന്നില്ലെന്നും പറഞ്ഞു. മുഖ്യമന്ത്രി വാടകക്ക് എടുത്ത ക്രിമിനലുകളാണ് പ്രതിഷേധം നടത്തുന്നത്. മുഖ്യമന്ത്രി വരുന്നത് പരസ്പരം കൊല്ലുന്നവരുടെ നാട്ടില്‍ നിന്നെന്ന് പറഞ്ഞായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനം. സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ എത്തി ഗവര്‍ണറുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കൂടിക്കാഴ്ച നടത്തി. എകെജി സെന്ററില്‍ നിന്ന് സര്‍വകലാശാല ബഹിഷ്കരിക്കാമെന്ന് വിചാരിച്ചാല്‍ നടക്കില്ലെന്ന് കെ സുരേന്ദ്രന് പറഞ്ഞു. ക്യാമ്പസില്‍ കാല് കുത്തിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത ഗവര്‍ണര്‍ മൂന്ന് ദിവസമാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ തങ്ങുന്നത്.
