Entertainment India News

എഴുത്തുകാരി അരുന്ധതി റോയ്‌യെ വിചാരണ ചെയ്യാൻ അനുമതി

ന്യൂഡൽഹി: എഴുത്തുകാരി അരുന്ധതി റോയ്, കശ്മീരിലെ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ മുൻ പ്രൊഫസർ ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ എന്നിവരെ വിചാരണ ചെയ്യാൻ അനുമതി. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന ചൊവ്വാഴ്ചയാണ് ഇരുവരെയും വിചാര ചെയ്യുന്നതിനുള്ള അനുമതി നൽകിയത്. 2010ൽ ഡൽഹിയിൽ നടന്ന ഒരു സെമിനാറിനിടെ ഇന്ത്യാ വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചായിരുന്നു ഇരുവർക്കുമെതിരെ കേസെടുത്തത്.

രാജ്യദ്രോഹം, സാമുദായിക വൈരം വളർത്താനുള്ള ശ്രമം, രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കെതിരായ പ്രവർത്തനം തുടങ്ങിയ വകുപ്പുകളാണ് യുഎപിഎ പ്രകാരം ചുമത്തിയിട്ടുള്ളത്. കശ്മീരിനെ ഇന്ത്യയിൽനിന്നു വിഘടിപ്പിക്കുന്ന വിഷയം ചർച്ച ചെയ്തെന്നാരോപിച്ച് കശ്മീരിൽനിന്നുള്ള സുശീൽ പണ്ഡിറ്റ് എന്ന വ്യക്തിയാണ് ഇവർക്കെതിരെ പരാതി നൽകിയത്. പൊതുസമാധാനവും സുരക്ഷയും അപകടത്തിലാക്കുന്ന തരത്തിലുള്ള പ്രകോപനപരമായ പ്രസംഗങ്ങളാണിതെന്നും ഇയാൾ ആരോപിച്ചിരുന്നു.

തെഹ്‌രീക് ഇ ഹുറിയത് ചെയർമാനായിരുന്ന സയീദ് അലി ഷാ ഗീലാനി, ഡൽഹി സർവകലാശാലയിലെ മുൻ പ്രൊഫസർ സയീദ് അബ്ദുൾ റഹ്മാൻ ഗീലാനി, മാവോയിസ്റ്റ് അനുകൂലി വരവര റാവു എന്നിവരും പരിപാടിയിൽ പങ്കെടുത്തതായി പരാതിയിൽ പറയുന്നു. സയീദ് അലി ഷാ ഗീലാനിയും സയീദ് അബ്ദുൾ റഹ്മാൻ ഗീലാനിയും വിചാരണകാലയളവിൽ മരണപ്പെട്ടിരുന്നു.

Related Posts

Leave a Reply