മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാന്റെ’ ഷൂട്ടിങ്ങ് ആരംഭിക്കുന്നത് ഡൽഹിയിൽ. ചിത്രീകരണത്തിനായി മോഹൻലാലും പൃഥ്വിരാജും സംഘവും ഡൽഹിയിലെത്തി, ഷൂട്ടിനുള്ള തയ്യാറെടുപ്പിലാണ് എന്നതാണ് ഏറ്റവും പുതിയ വാർത്ത. വ്യാഴാഴ്ചയാണ് ചിത്രീകരണം ആരംഭിക്കുന്നതെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മോഹൻലാലിന്റെ ഡൽഹി യാത്രക്കിടെ കൊച്ചി വിമാനത്താവളത്തിൽ വെച്ച് ആരാധകർ എടുത്ത ചിത്രങ്ങൾ വൈറലാണ്. 30 ദിവസത്തെ ഷെഡ്യൂളാണ് ഡൽഹിയിലേത്. ഇതിന് ശേഷം ഷിംല, ലഡാക്ക് എന്നിവിടങ്ങളിൽ വെച്ചായിരിക്കും ചിത്രീകരണം. 2019-ലെ ലൂസിഫറിന് ശേഷം മലയാളി പ്രേക്ഷകർ ഒരുപക്ഷെ ഏറ്റവുമധികം കാത്തിരിക്കുന്നത് എമ്പുരാന് വേണ്ടിയാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ലൂസിഫർ നിരവധി നിഗൂഢതകൾ ബാക്കിവെച്ചാണ് അവസാനിപ്പിച്ചത്.
