Kerala News

എടത്വ: വഴിയോരത്തെ മരങ്ങൾ മൂലം എടത്വയിൽ നടന്നത് രണ്ട് അപകടങ്ങൾ

എടത്വ: വഴിയോരത്തെ മരങ്ങൾ മൂലം എടത്വയിൽ നടന്നത് രണ്ട് അപകടങ്ങൾ. തലവടിയിൽ രണ്ട് വ്യത്യസ്ഥ അപകടങ്ങളിൽ സ്കൂട്ടർ പിൻസീറ്റ് യാത്രക്കാരിയായ യുവതിക്ക് പരിക്ക്. ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിന് മുകളിൽ ഓലമടൽ വീണും, കെ എസ്ആർടിസി ബസ്സിന് മുന്നിൽ മരത്തിന്റെ ചില്ല അടർന്ന് വീണുമാണ് അപകടമുണ്ടായത്.  ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തലവടി കൊച്ചമ്മനം കലുങ്കിന് സമീപം വെച്ച് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേയ്ക്ക് തെങ്ങോല അടർന്നു വീണ് ഹെൽമറ്റ് പൊട്ടിയാണ് തലവടി സ്വദേശി ശ്രീലക്ഷ്മിക്ക് പരിക്കേറ്റത്. 

തലയോട്ടിയിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായതിനെ തുടർന്ന് എടത്വാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്ക് പരുമല സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സഹോദരൻ വിഷ്ണുവിനൊപ്പം ജോലിക്കായുള്ള ഇന്റർവ്യൂ കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടം. മറ്റൊരപകടത്തിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് മുൻപിലേയ്ക്ക് മരത്തിന്റെ ശിവരം അടർന്നു വീണു. തലവടി പഞ്ചായത്ത് ജംഗ്ഷന് സമീപത്ത് വെച്ചാണ് അപകടം. 

തിരുവല്ലയിൽ നിന്നും ആലപ്പുഴയ്ക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സിന് മുന്നിലേക്കാണ് മരക്കൊമ്പ് അടർന്ന് വീണത്. യാത്രക്കാർ അപകടം കൂടാതെ രക്ഷപെട്ടെങ്കിലും തകഴിയിൽ നിന്ന് ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയ ശേഷമാണ് സർവ്വീസ് പുനരാരംഭിക്കാനായത്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലെ വഴിയോര തണൽ മരങ്ങൾ യാത്രക്കാർക്കും സമീപ താമസക്കാർക്കും ഭീഷണിയാകുന്നുണ്ട്. 

ആഴ്ചകൾക്ക് മുൻപ് കേളമംഗലം പഴയ ഗ്യാസ് ഏജൻസിക്ക് സമീപം നിന്ന മരങ്ങൾ വീണ് രണ്ട് വീട്ടുകാരുടെ ഗേറ്റും നെറ്റ് വേലിയും വാഴകൃഷിയും നശിച്ചിരുന്നു. പാതയോരത്തെ നിരവധി മരങ്ങളാണ് അപകടനിലയിൽ നിൽക്കുന്നത്. റോഡിലേയ്ക്ക് ചാഞ്ഞ് നിൽക്കുന്ന കൊമ്പുകൾ വെട്ടിമാറ്റിയില്ലങ്കിൽ വൻ അപകടങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർ പറയുന്നു

Related Posts

Leave a Reply