India News

ഉത്തർപ്രദേശിൽ മൂന്നുമാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്.

മുസാഫർനഗർ: ഉത്തർപ്രദേശിൽ മൂന്നുമാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്. യുപിയിലെ  മുസാഫർനഗറിലെ സത്തേഡി ഗ്രാമത്തിലാണ് ക്രൂര കൊലപാതകം നടന്നത്.  തനിക്ക് കൂടുതൽ കുട്ടികൾ വേണ്ടെന്ന് പറഞ്ഞാണ് പിതാവ്  മൂന്ന് മാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ സത്തേഡി സ്വദേശിയായ  ഗുൽഷറിനെ (35 ഭാര്യ സാജിദ നൽകിയ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കൊലപാതകം നടന്നത്. ഗുൽഷിർ 15 വർഷം മുമ്പ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. ആദ്യ ഭാര്യയിൽ ഇയാള്‍ക്ക് അഞ്ച് മക്കളുണ്ട്. കഴിഞ്ഞ വർഷമാണ് പ്രതി രണ്ടാം ഭാര്യയായ സാജിദയെ വിവാഹം കഴിക്കുന്നത്. വൈകാതെ ഇവർ ഗർഭിണിയായി. മൂന്ന് മാസം മുമ്പ് ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. എന്നാൽ രണ്ടാം ഭാര്യയിൽ കുഞ്ഞുണ്ടായതോടെ ഗുൽഷിർ തനിക്ക് ഇനി കുട്ടികൾ വേണ്ടെന്ന് പറഞ്ഞ് ബഹളം തുടങ്ങി. 

കുഞ്ഞുണ്ടായി മൂന്ന് മാസത്തിന് ശേഷം ഇയാള്‍ വീണ്ടും ഇക്കാര്യം പറഞ്ഞ് ബഹളം വെക്കുകയും കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഭാര്യയുടെ പരാതിയിൽ ഗുൽഷറിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുസാഫർനഗർ റൂറൽ പൊലീസ് സൂപ്രണ്ട്   സഞ്ജയ് കുമാർ പറഞ്ഞു. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Posts

Leave a Reply