ലഖ്നൗ: ഉത്തർപ്രദേശിൽ ഭക്ഷണം വിളമ്പാൻ വൈകിയതിന് വിവാഹത്തിൽ നിന്ന് പിന്മാറി വരൻ. ചന്ദൗലിയിലാണ് സംഭവം. വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞതിന് പിന്നാലെ അന്നേ ദിവസം തന്നെ ഇയാൾ ബന്ധുവായ യുവതിയെ വിവാഹം ചെയ്തതായാണ് റിപ്പോർട്ട്.
താലി കെട്ടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഭക്ഷണം വൈകിയെന്ന് ചൂണ്ടിക്കാട്ടി വരൻ മെഹ്താബ് വിവാഹത്തിൽ നിന്ന് പിന്മാറിയത്. സംഭവത്തിന് പിന്നാലെ വധുവും കുടുംബവും പൊലീസിനെ സമീപിച്ചിട്ടുണ്ട്. ചടങ്ങ് നടക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ കുടുംബം വരന് 1.5 ലക്ഷം രൂപ കൈമാറിയിരുന്നു. ഈ പണം ലഭിച്ചതിന് പിന്നാലെയാണ് മെഹ്താബ് വിവാഹത്തിൽ നിന്ന് പിന്മാറിയത്.
ഏഴ് മാസം മുമ്പാണ് ഇരുവരുടേയും വിവാഹം നിശ്ചയിച്ചത്. ഡിസംബർ 22ന് വിവാഹ സംഘം ഹമീദ്പൂരിലെ തന്റെ വീട്ടിലെത്തിയെന്നും ഏറെ ആദരവോടെയാണ് തന്റെ കുടുംബം അവരെ സ്വീകരിച്ചതെന്നും വധു മാധ്യമങ്ങളോട് പറഞ്ഞു.”രാവിലെ മുതൽ ഞാൻ വിവാഹത്തിനായി ഒരുങ്ങി കാത്തിരിക്കുകയാണ്. വരനും ബന്ധുക്കളും വന്നു. കഴിച്ചു. പിന്നെ എന്റെ മാതാപിതാക്കളെ അസഭ്യം പറഞ്ഞ് ഇറങ്ങിപ്പോയി”, യുവതി പറഞ്ഞു. ഭക്ഷണം കഴിക്കാൻ വരനും സംഘവും ഇരുന്ന സമയത്ത് വിളമ്പുന്നതിൽ നേരിയ താമസമുണ്ടായിരുന്നു. എന്നാൽ സുഹൃത്തുക്കൾ കളിയാക്കിയതോടെ മെഹ്താബ് ദേഷ്യത്തോടെ എഴുന്നേൽക്കുകയും വധുവിന്റെ ബന്ധുക്കളേയും കുടുംബത്തേയും അസഭ്യം പറയുകയുമായിരുന്നു. പ്രശ്നം പറഞ്ഞ് പരിഹരിക്കാൻ ശ്രമിച്ചെന്നും എന്നാൽ മെഹ്താബ് താത്പര്യമില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നുവെന്നും വധു കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയായിരുന്നു മെഹ്താബ് തൻ്റെ ബന്ധുവായ യുവതിയെ വിവാഹം ചെയ്യുന്നത്.
വിവാഹത്തിനായി ഏഴ് ലക്ഷത്തോളം രൂപയാണ് തങ്ങൾക്ക് ചിലവ് വന്നതെന്നും ഇതിന് പുറമെ 1.5 ലക്ഷം വരന്റെ കുടുംബത്തിന് കൈമാറിയിരുന്നുവെന്നും വധുവിന്റെ കുടുംബം പരാതിയിൽ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇരുവരേയും വിളിപ്പിച്ചിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ തയ്യാറാണെന്ന് ഇരു സംഘവും അറിയിച്ചതായാണ് റിപ്പോർട്ട്.