ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത ബാലനെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ 27 കാരന് 35 വര്‍ഷം തടവും 1,70,000 രൂപ പിഴയും ശിക്ഷ വിധിച്ചു കൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് രവിചന്ദര്‍ സി ആര്‍ വിധി പ്രഖ്യാപിച്ചു. 2015 മുതല്‍ 2018 ജൂലൈ വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് കൊടുങ്ങല്ലൂര്‍ പൊലീസ് എടുത്ത കേസില്‍ പ്രതിയായ മേത്തല സ്വദേശി താരമ്മല്‍ ഹരീഷ് (27)നെതിരാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.
പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 20 സാക്ഷികളെയും 35 രേഖകളും ഒരു തൊണ്ടി വസ്തുവും തെളിവുകളായി നല്‍കിയിരുന്നു. കൊടുങ്ങല്ലൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഇ ആര്‍ ബൈജു രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടറായിരുന്ന പി കെ പത്മരാജന്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്ക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി ആര്‍ രജനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.
പോക്‌സോ നിയമത്തിന്റെ ആറാം വകുപ്പ് പ്രകാരം 10 വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും, പിഴയൊടുക്കാതിരുന്നാല്‍ ആറുമാസം അധിക തടവ് അനുഭവിക്കണം. കൂടാതെ പോക്‌സോ നിയമത്തിന്റെ മറ്റു വകുപ്പുകള്‍ പ്രകാരം 13 വര്‍ഷം വെറും തടവും 60,000 രൂപ പിഴയും(പിഴയൊടുക്കാതിരുന്നാല്‍ ഏഴുമാസം വെറും തടവും), അതിനുപുറമേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 12 വര്‍ഷം വെറും തടവും 60,000 രൂപ പിഴയും (പിഴയൊടുക്കാതിരുന്നാല്‍ ഏഴുമാസം വെറും തടവ്) എന്നിങ്ങനെയാണ് ശിക്ഷിച്ചത്. പ്രതിയെ വിയ്യൂര്‍ ജയിലിൽ റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ അത്, ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.
