India News

‘ഇന്ത്യ’ മുന്നണി യോഗം ഡിസംബർ ആറിന്

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി വിരുദ്ധ മഹാസഖ്യമായ ‘ഇന്ത്യ’യുടെ യോഗം വിളിച്ച് കോൺഗ്രസ്. ഡിസംബർ ആറിന് ഡൽഹിയിൽ യോഗം ചേരാനാണ് യോഗം. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്പായിരുന്നു ഇന്ത്യ മുന്നണിയുടെ അവസാന യോഗം.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം വ്യക്തമായ സാഹചര്യത്തിലാണ് യോഗം. തൃണമൂൽ, ഡിഎംകെ തുടങ്ങി പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ കോൺഗ്രസ് അധ്യക്ഷൻ ഇതിനകം വിളിച്ച് യോഗത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിച്ചതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ് അധ്യക്ഷന്റെ വസതിയിൽ വച്ചാണ് യോഗം.

ഇന്നത്തെ ഫലം അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നിർണായക മുന്നോടിയായതിനാൽ ഇന്ത്യ മീറ്റിംഗ് പ്രാധാന്യമർഹിക്കുന്നുണ്ട്. ഡിസംബർ 6 മറ്റൊരു കാരണത്താൽ പ്രധാനമാണ്. 1992ലെ ഈ ദിവസമാണ് അയോധ്യയിലെ ബാബറി മസ്ജിദ് കർസേവകർ തകർത്തത്. ആ സ്ഥലത്ത് പുതുതായി നിർമിച്ച രാമക്ഷേത്രം അടുത്ത വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാമക്ഷേത്ര രഥം ചവിട്ടി വിജയിക്കാനാണ് ബിജെപി പദ്ധതിയിടുന്നതെന്ന് പ്രതിപക്ഷ നേതൃത്വം കരുതുന്നു. നേരത്തെ മുംബൈയിലാണ് ബിജെപി വിരുദ്ധ നേതൃത്വം അവസാനമായി യോഗം ചേർന്നത്. 28 ബിജെപി വിരുദ്ധ പാർട്ടികളുടെ 63 പ്രതിനിധികൾ മുംബൈ യോഗത്തിൽ പങ്കെടുത്തു. ബിഹാറിന്റെ തലസ്ഥാനമായ പാട്നയിലായിരുന്നു ‘ഇന്ത്യ’യുടെ ആദ്യ സമ്മേളനം. കർണാടക തലസ്ഥാനമായ ബെംഗളൂരുവിലാണ് രണ്ടാം സമ്മേളനം നടന്നത്. അവിടെയാണ് സഖ്യത്തിന്റെ പേര് തീരുമാനിച്ചത്.

Related Posts

Leave a Reply