Kerala News

ആർ.എൽ.വി രാമകൃഷ്ണനെ അപമാനിച്ചെന്ന പരാതി; സത്യഭാമയ്‌ക്കെതിരെ കേസ്

നർത്തകനും നടനുമായ ഡോ. ആർ.എൽ.വി രാമകൃഷ്ണനെ അപമാനിച്ചെന്ന പരാതിയിൽ കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. എസ്.സി-എസ്.ടി പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് കേസ്. ചാലക്കുടിയിൽ നൽകിയ പരാതി തിരുവനന്തപുരത്തേക്ക് കൈമാറുകയായിരുന്നു. രാമകൃഷ്ണന്റെ നിറത്തെയും മോഹിനിയാട്ടത്തെയും അധിക്ഷേപിച്ചായിരുന്നു സത്യഭാമയുടെ പ്രതികരണം.

മാർച്ച് 21ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ അധിക്ഷേപ പരാമർശം നടത്തിയത്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമർശം. ആർഎൽവി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ചാലക്കുടിക്കാരനായ നർത്തകനായ അധ്യാപകനെന്നും സംഗീത നാടക അക്കാദമിയുമായി പ്രശ്മുണ്ടായിരുന്ന ആളെന്നും ചൂണ്ടി കാട്ടിയായിരുന്നു അധിക്ഷേപം. കലാമണ്ഡലം സത്യഭാമ മുമ്പും തന്നെ അധിക്ഷേപിച്ചിട്ടുണ്ടെന്നും ഇതുപോലെ ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും ആർ.എൽ,.വി രാമകൃഷ്ണൻ പറഞ്ഞു. നിയമപരമായി നേരിടുമെന്ന് ആർ എൽ വി രാമകൃഷ്ണൻ അറിയിച്ചപ്പോഴും മാപ്പു പറയാൻ സത്യഭാമ തയ്യാറായിരുന്നില്ല. പിന്നാലെ അധിക്ഷേപ പരാമർശത്തിനെതിരെ മന്ത്രിമാരായ ആർ ബിന്ദുവും വീണ ജോർജ്ജും രംഗത്തെത്തി. സത്യഭാമയുടെ അധിക്ഷേപത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം ഉയർന്നത് വ്യാപകമായ വിമർശനമാണ്. പരാമർശം വിവാദമായെങ്കിലും തന്റെ വാദങ്ങളെ ന്യായീകരിച്ച് കൊണ്ട് കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയിരുന്നു.

ഒടുവിൽ കഴിഞ്ഞ ദിവസം താൻ ആരേയും വേദനിപ്പിക്കാനല്ല ഇത്തരം പരാമർശം നടത്തിയതെന്ന് പറഞ്ഞ് സത്യഭാമ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പരാമർശത്തിന്റെ പേരിൽ താൻ ക്രൂരമായ സൈബർ ആക്രമണം നേരിടുന്നുവെന്നും സത്യഭാമ പറഞ്ഞിരുന്നു.

Related Posts

Leave a Reply