Kerala News Top News

ആലുവ പീഡനക്കേസ്; പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി കസ്റ്റഡിയിൽ

ആലുവ പീഡനക്കേസിൽ പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി കസ്റ്റഡിയിൽ. പെരിയാർ ബാർ ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബാർ ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പൊലീസ് എത്തുമ്പോൾ യാതൊരു പ്രശ്നവുമില്ലാതെ കൂടെ പോകുകയായിരുന്നു.

പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിൽനിന്നാണ് പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന സൂചന ലഭിച്ചത്. മുൻപും പീഡനക്കേസിൽ പ്രതിയാണ് ഇയാളെന്ന വിവരവും പുറത്തുവന്നിരുന്നു.

ആലുവ ചാത്തൻപുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്. ബിഹാർ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം. പുലർച്ചെ രണ്ടു മണിയോടെയാണു സംഭവം. നാട്ടുകാർ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും മോഷണക്കേസിലടക്കം പിടിയിലായിട്ടുണ്ടെന്നുമാണ് പൊലീസ് സംശയിക്കുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ ഇയാൾ ഈ വീട്ടിൽ നിന്നും മൊബൈൽ ഫോൺ മോഷണം നടത്തിയിട്ടുണ്ട് എന്നാണ് വിവരം. മുൻപും മൊബൈൽ ഫോൺ മോഷണം ഉൾപ്പടെ ഒട്ടേറെ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.

Related Posts

Leave a Reply