കൊച്ചി: ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി, കൊക്ക് എന്നറിയപ്പെടുന്ന ക്രിസ്റ്റൽ രാജിനെ ഇന്ന് ആലുവ കോടതിയിൽ ഹാജരാക്കും. ഇന്നലെ ആലുവ ഡിവൈഎസ്‍പി ഓഫീസിലെത്തിച്ച പ്രതിയെ രാത്രിയില്‍ പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മുൻ കുറ്റകൃത്യങ്ങൾ ചോദ്യം ചെയ്യലിനിടെ ക്രിസ്റ്റൽ രാജ് പൊലീസിനോട് വിവരിച്ചു.
മോഷണ കേസിൽ ജയിൽ വാസം കഴിഞ്ഞ് ആഴ്ചകൾക്ക് മുന്നേയാണ് ഇയാൾ പുറത്തിറങ്ങിയത്. രണ്ട് ദിവസം മുമ്പാണ് ആലുവയിൽ എത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ആലുവയിൽ ഇതര സംസ്ഥാനക്കാരായ രണ്ട് സുഹൃത്തുക്കളെ കാണാൻ എത്തിയതാണെന്നും മൊഴി നൽകി. മോഷണം നടത്താനാണ് പീഡനം നടത്തിയ കുട്ടിയുടെ വീട്ടിൽ എത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
എന്നാൽ ഈ മൊഴി അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ചാൽ കൂടുതൽ ചോദ്യം ചെയ്യൽ നടപടിക്ക് ശേഷം സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
ആലുവ ചാത്തന്‍പുറത്താണ് എട്ടുവയസ്സുകാരിയെ തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ക്രിസ്റ്റൽ രാജ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പുലർച്ചെയായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടികൊണ്ടുപോവുകയായിരുന്നു. പ്രതി പ്രദേശത്ത് തന്നെയുള്ളയാളാണെന്ന് ദൃക്‌സാക്ഷി സംശയം പ്രകടിപ്പിച്ചിരുന്നു. നാട്ടുകാരും പ്രദേശവാസികളും പൊലീസും കുട്ടിയെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് അക്രമി കുട്ടിയെ ഉപേക്ഷിച്ചുപോയതെന്നാണ് വിവരം. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും മോഷണം പോയിട്ടുണ്ടെന്നും വിവരമുണ്ട്. രാൾ കുട്ടിയുമായി പോകുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ജനലിലൂടെ നോക്കിയപ്പോൾ ചോരയൊലിപ്പിച്ച നിലയിലായിരുന്നു പെൺകുട്ടി. തുടർന്ന് വീട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടെ കുട്ടി പുറത്തേക്ക് വരുന്നത് അയൽവാസിയായ സുകുമാരൻ ആണ് കണ്ടത്. സാക്ഷിയും കുട്ടിയും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
