Kerala News

ആറാട്ടുപുഴയിൽ ഭാര്യ വീട്ടിലെത്തിയ ഭർത്താവ് മർദ്ദനമേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്

ആലപ്പുഴ ആറാട്ടുപുഴയിൽ ഭാര്യ വീട്ടിലെത്തിയ ഭർത്താവ് മർദ്ദനമേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. കായംകുളം പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. സംഭവത്തിൽ വിഷ്ണുവിന്റെ ഭാര്യ ആതിര ഉൾപ്പടെ 4 പേർ തൃക്കുന്നപ്പുഴ പൊലീസിന്റെ കസ്റ്റഡിയിൽ. ആദ്യം വിഷ്ണു ഹൃദയാഘാതം മൂലം മരണപ്പെട്ടുയെന്നായിരുന്നു കണ്ടെത്തൽ.

ഹൃദ്രോഗിയായ വിഷ്ണുവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പോസ്റ്റുമോർട്ടത്തിലാണ് നിർണായക വിവരങ്ങൾ പുറത്തായത്. തലക്കേറ്റ ക്ഷതമാണ് മരണത്തിന്‌ കാരണമെന്ന് കണ്ടെത്തി. ഭാരമുള്ള വസ്തുകൊണ്ട് തലക്കടിച്ചതാണ് ആന്തരീക രക്‌തസ്രാവം ഉണ്ടാകാൻ കാരണം. മനപൂവ്വമല്ലാത്ത നരഹത്യക്ക് ആദ്യം കേസ് എടുത്ത തൃക്കുന്നപ്പുഴ പൊലീസ് പിന്നീട് കൊലപാതകത്തിന് കേസ് എടുത്തു. ഭാര്യ ആതിര, ബന്ധുക്കളായ പൊടിമോൻ , ബാബുരാജ് , പദ്മൻ എന്നിവരാണ് പ്രതികൾ.

ഭാര്യ ആതിരയുമായി വിഷ്ണു ഒന്നര വർഷമായി പിണങ്ങി കഴിയുകയാണ്. ഇടക്ക് വിഷ്ണു വീട്ടിലെത്തി 4 വയസുകാരനായ മകനെ കൂട്ടിക്കൊണ്ട് പോകും . കഴിഞ്ഞ ചൊവ്വാഴ്ച്ച കുട്ടിയെ തിരികേ ഏൽപ്പിക്കാൻ ആയി വിഷ്ണു ആതിരയുടെ തറയിൽ കടവിലെ വീട്ടിൽ എത്തി. ഇരുവരും തമ്മിൽ തർക്കമുണ്ടായി . ബഹളത്തിനിടയിൽ തൊട്ടടുത്തു താമസിക്കുന്ന ആതിരയുടെ അച്ഛന്റെ സഹോദരങ്ങൾ എത്തി വിഷ്ണുവിനെ മർദിക്കുകയായിരുന്നു . മർദ്ദനത്തിനടയിൽ കുഴഞ്ഞുവീണ വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഹൃദ്രോഗിയായ വിഷ്ണു ബഹളത്തിനിടയിൽ ഹൃദയസംബന്ധമായ തകരാറു മൂലം മരണപ്പെട്ടുവെന്നായിരുന്നു വിലയിരുത്തൽ . പൊലീസ് ആതിരയെ ഒന്നാം പ്രതിയാക്കി മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. മൃതദേഹത്തിൽ പലയിടത്തും മർദ്ദനമേറ്റ പാടുകൾ കൂടി കണ്ടതോടെ കൊലപാതകമാണെന്ന് വിഷ്ണുവിന്റെ കുടുംബം ആരോപണമുയർത്തി ഒടുവിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കേസ് കൊലപാതകത്തിലേക്ക് വഴിമാറുകയായിരുന്നു.

Related Posts

Leave a Reply