Kerala News

ആയൂരിൽ കടയ്ക്ക് മുന്നിൽപാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച് കടന്ന യുവാക്കൾ പിടിയിൽ.

കൊല്ലം: ആയൂരിൽ കടയ്ക്ക് മുന്നിൽപാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച് കടന്ന യുവാക്കൾ പിടിയിൽ. അഞ്ചാലുംമൂട് സ്വദേശി പ്രവീൺ, ജവഹർ ജംഗ്ഷൻ സ്വദേശി മുഹമ്മദ് താരിഖ് എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് താരിഖ് മുപ്പതോളം കേസുകളിൽ പ്രതിയാണ്.

ഇക്കഴിഞ്ഞ ജൂണിലാണ് ആയൂർ അകമണിലെ കാർ ഫാഷൻസ് എന്ന കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയത്. സിസിടിവിയിൽ മോഷ്ടാക്കളായ യുവാക്കളുടെ ദൃശ്യം പതിഞ്ഞിരുന്നു.  ബൈക്ക് നഷ്ടപ്പെട്ട എഴുകോൺ സ്വദേശി ബൈജുവിന്റെ പരാതിയിൽ ചടയമംഗലം പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

മറ്റൊരു കേസിൻ്റെ അന്വേഷത്തിനായി കൊല്ലം ഈസ്റ്റ് ഷാഡോ പൊലീസ് പ്രവീണിൻ്റെയും മുഹമ്മദ് താരിഖിൻ്റെയും വീട്ടിലെത്തിയപ്പോഴാണ് ബൈക്ക് മോഷണത്തിൻ്റെയും ചുരുളഴിഞ്ഞത്. മോഷ്ടിച്ച ബൈക്കുമായി സഞ്ചരിക്കുമ്പോൾ പ്രതികൾ അപകടത്തിൽപ്പെട്ടിരുന്നു.

ബൈക്ക് നിലവിൽ കണ്ണനല്ലൂർ സ്റ്റേഷനിലാണ് ഉള്ളതെന്നും പ്രതികൾ പറഞ്ഞു. തുടർന്ന് യുവാക്കളെ ചടയമംഗലം പൊലീസിന് കൈമാറി. പ്രതികളെ ആയൂരിലെ കടയ്ക്ക് മുന്നിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മുഹമ്മദ് താരിഖ് 30 ഓളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

 

Related Posts

Leave a Reply