തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രി, സ്റ്റീല്‍ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തിലെ സൂത്രധാരൻ പിടിയിൽ. ഉസ്മാൻ പുല്ലാക്കൽ എന്നയാളെയാണ് സ്റ്റേറ്റ് ജിഎസ്ടി എറണാകുളത്ത് നിന്നും പിടികൂടിയത്. മെയ് 23ന് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 1170 കോടിയുടെ വ്യാജ ഇടപാടുകൾ കണ്ടെത്തിയിരുന്നു. 209 കോടി രൂപയുടെ നികുതി നഷ്ടമാണ്
പരിശോധനയെ തുടർന്ന് കണക്കാക്കിയത്.
ഷെൽ കമ്പനികൾ ഉണ്ടാക്കി നികുതി വെട്ടിക്കുന്നെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഇവിടങ്ങളിൽ പരിശോധന നടത്തിയത്. കേരളത്തിൽ ഈ മേഖലയിൽ നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനാണിതെന്നും ജിഎസ്ടി വകുപ്പ് അറിയിച്ചു. സംസ്ഥാന ജിഎസ്ടി രഹസ്യാന്വേഷണ വിഭാഗവും എന്‍ഫോഴ്സ്മെന്‍റ് വിഭാഗവും ചേര്‍ന്നാണ് ഓപ്പറേഷൻ പാം ട്രീ എന്ന പേരിൽ പരിശോധന നടത്തിയത്.
നികുതിവെട്ടിപ്പ് നടത്തിയവരുടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും രാത്രിയിലും പരിശോധന നടത്തി. തൊഴിൽ നൽകാമെന്ന് പറഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും മറ്റു വ്യക്തികളിൽ നിന്നും ശേഖരിക്കുന്ന ഐ.ഡി കാർഡുകൾ ഉപയോഗിച്ച് അവരുടെ പേരുകളിൽ വ്യാജ രജിസ്ട്രേഷൻ എടുത്താണ് നികുതി വെട്ടിപ്പ് നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.