Kerala News Top News

അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എ ജയില്‍ മോചിതനായി.

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എ ജയില്‍ മോചിതനായി. മാലയിട്ടും പൊന്നാടയണിയിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ അന്‍വറിനെ സ്വീകരിച്ചു. തന്നെ പിന്തുണച്ചവര്‍ക്ക് അന്‍വര്‍ നന്ദി അറിയിച്ചു. നൂറ് ദിവസം ജയിലില്‍ കിടക്കാന്‍ തയാറായാണ് താന്‍ വന്നതെന്നും ഇവിടുത്തെ ജുഡീഷ്യറിയില്‍ നിന്ന് നീതി കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്നും അത് കിട്ടിയെന്നും അന്‍വര്‍ പറഞ്ഞു.

അറസ്റ്റിലായി 18 മണിക്കൂറിന് ശേഷമാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപ ഓരോ ആള്‍ക്കും ജാമ്യം കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നിവയാണ് ഉപാധികള്‍. ഇന്ന് ഉച്ചയ്ക്കാണ് അന്‍വറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്.

തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ പിന്തുണ തന്ന എല്ലാവര്‍ക്കും നന്ദി. യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം എല്ലാവരും ധാര്‍മിക പിന്തുണ നല്‍കി. അത് വലിയ ആശ്വാസം നല്‍കി. വന്യമൃഗ വിഷയം വലിയ പ്രാധാന്യമര്‍ഹിക്കുന്നു എന്നുള്ളതുകൊണ്ടാണ് വലിയ പിന്തുണ കിട്ടിയത് – അന്‍വര്‍ പറഞ്ഞു.

പിണറായി സ്വന്തം കുഴി തൊണ്ടിക്കൊണ്ടിരിക്കുകയാണെന്ന് അന്‍വര്‍ പറഞ്ഞു. സിപിഐഎം ഇനി അധികാരത്തില്‍ വരാതിരിക്കാനുള്ള കരാറാണ് ബിജെപിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയത്. ക്രൈസ്തവ സമൂഹത്തെ വനഭേതഗതി ബില്ലിലൂടെ ദ്രോഹിക്കാന്‍ പോകുകയാണ്. അവര്‍ പൂര്‍ണ്ണമായി സിപിഐഎമ്മിനെ കൈവിടാന്‍ പോകുകയാണ്. വനഭേതഗതി ബില്ല് പാസായിരുന്നെങ്കില്‍ തനിക്ക് ഇപ്പോള്‍ ജാമ്യം കിട്ടില്ലായിരുന്നു. തന്നെ വനം വകുപ്പ് ആയിരിക്കുമായിരുന്നു കസ്റ്റഡിയില്‍ എടുക്കുക- അന്‍വര്‍ പറഞ്ഞു.

യുഡിഎഫ് പിന്തുണക്ക് നന്ദി പറഞ്ഞ അന്‍വര്‍ ഒറ്റയാള്‍ പോരാട്ടം താന്‍ അവസാനിപ്പിക്കുകയാണെന്നും പിണറായിയുടെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ യുഡിഎഫുമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.

നിയമസഭ സമ്മേളനത്തില്‍ സ്പീക്കറുടെ ചേമ്പര്‍ എടുത്ത് കളഞ്ഞവരാണ് സിപിഐഎമ്മുകാര്‍. ഡിഎഫ്ഒ ഓഫീസില്‍ ആകെയുണ്ടായത് 2000 രൂപയുടെ നഷ്ടമാണ്. സമരങ്ങള്‍ ഒക്കെ സിപിഐഎമ്മിന് ഇപ്പോള്‍ മോശമായി തോന്നിയിട്ടുണ്ട്. യുഡിഎഫ് നേതൃത്വവും കര്‍ഷകസംഘടനകളുമായി കൂടി ആലോചിച്ച് സമരം നടത്തും. സുകു അറസ്റ്റിലായതില്‍ അത്ഭുതമില്ല. ഇനിയും പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. ശത്രുവിനെ തകര്‍ക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. യുഡിഎഫ് നേതാക്കള്‍ തന്നെ തള്ളി പറഞ്ഞിട്ടില്ല . ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടവര്‍ – അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ജയിലില്‍ എംഎല്‍എയെന്ന പരിഗണന കിട്ടിയില്ലെന്നും അന്‍വര്‍ പറഞ്ഞു. എംഎല്‍എമാര്‍ക്കുള്ള പരിഗണന എന്തൊക്കെ എന്ന് തനിക്ക് പരിശോധിക്കണം. ഭക്ഷണം താന്‍ കഴിച്ചില്ല. ഭക്ഷണത്തെക്കുറിച്ച് തനിക്ക് സംശയം തോന്നി. അതുകൊണ്ടാണ് കഴിക്കാഞ്ഞത്. കുറേ പേരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ചരിത്രമുണ്ടല്ലോ. ഉച്ചക്ക് തന്ന ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല. തനിക്കൊരു കട്ടില്‍ മാത്രമാണ് തന്നത്. തലയിണ ചോദിച്ചിട്ട് തന്നില്ല – അന്‍വര്‍ പറഞ്ഞു.

Related Posts

Leave a Reply