Kerala News

അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഐഎം നേതാക്കൾക്ക് തിരിച്ചടി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഐഎം നേതാക്കൾക്ക് തിരിച്ചടി. പി ജയരാജയനും ടി വി രാജേഷും നൽകിയ വിടുതൽ ഹർജി സിബിഐ പ്രത്യേക കോടതി തള്ളി. അന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെയും മുൻ കല്യാശേരി എംഎൽഎയായിരുന്ന ടി വി രാജേഷിന്റെയും വാഹനം ആക്രമിച്ചതിന്റെ പേരിലുള്ള വൈരാഗ്യത്തിന്റെ പേരിൽ ഷുക്കൂറിനെ കൊല്ലപ്പെടുത്തി എന്നതാണ് കേസ്. രണ്ട് മണിക്കൂർ നീണ്ട ക്രൂരമായ വിചാരണയ്ക്കൊടുവിലായിരുന്നു കൊലപാതകമെന്നും കുറ്റപത്രത്തിൽ പയുന്നുണ്ട്. പട്ടുവം അരിയിൽ പ്രദേശത്തുണ്ടായ സിപിഐഎം മുസ്ലിം ലീഗ് സംഘർഷത്തോടനുബന്ധിച്ചാണ് രാജേഷിനും ജയരാജനും നേരെ ആക്രമണമുണ്ടാകുന്നത്.

2012 സെപ്റ്റംബർ 20നാണ് അരിയിൽ സ്വദേശിയായ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെടുന്നത്. എംഎസ്എഫ് നേതാവായിരുന്ന ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവൻകടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം. ഷുക്കൂർ വധക്കേസിൽ ഗൂഡാലോചന കുറ്റമാണ് പി ജയരാജനും ടി വി രാജേഷിനുമെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഇരുവരും സിബിഐ പ്രത്യേക കോടതിയെ സമീപിച്ചത്. സിബിഐ ആണ് പി ജയാരാജനെയും ടി വി രാജേഷിനെയും പ്രതി ചേർത്തത്.

കേസിൽ അന്യായമായാണ് പ്രതിചേർക്കപ്പെട്ടതെന്നായിരുന്നു പി ജയരാജന്റെയും ടി വി രാജേഷിന്റെയും വാദം. തളിപ്പറമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു താനെന്നായിരുന്നു പി ജയരാജന്റെ വാദം. രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേർക്കപ്പെട്ടതെന്നും ഹ​‍ർജിയിൽ ഉന്നയിച്ചിരുന്നു. തുടർന്ന് ഷുക്കൂറിന്റെ മാതാവ് ഹർജിയെ എതിർത്ത് കോടതിയെ സമീപിച്ചു. ഇതിലടക്കം വാദം കേട്ടാണ് ഇരുവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നും വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടത്. 24 വയസ്സിലാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.

Related Posts

Leave a Reply