തിരുവനന്തപുരം: അഭിമുഖ വിവാദത്തിൽ സിപിഐഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രിക്ക് നേരെ ചോദ്യങ്ങൾ. അഭിമുഖത്തിലെ മലപ്പുറം പരാമർശം ഉണ്ടാക്കിയ ക്ഷീണത്തിൻ്റെ ഉത്തരവാദിത്തം ആർക്കാണെന്നും ദ ഹിന്ദുവിന്റെ വിശദീകരണം കൂടുതൽ പരിക്ക് ഉണ്ടാക്കിയില്ലേയെന്നും സംസ്ഥാന സമിതിയിൽ ചോദ്യമുയർന്നു. പി ആർ ഏജൻസിയില്ലെന്ന് പറഞ്ഞാൽ ഉണ്ടായ ക്ഷീണം മാറുമോയെന്നും അംഗങ്ങൾ ചോദിച്ചു.
സംസ്ഥാന സെക്രട്ടറിയുടെ റിപ്പോർട്ട് അവതരണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് നേരെ ചോദ്യങ്ങൾ ഉയർന്നത്. സംസ്ഥാന സമിതിയിൽ പി ആർ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു.
പി ആർ ഇല്ലെന്ന് ഒറ്റ വാചകത്തിൽ പറഞ്ഞുകൊണ്ടായിരുന്നു നിഷേധം. ദിനപത്രത്തിന് അഭിമുഖം നൽകാൻ പിആർ ഏജൻസിയെ ബന്ധപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടികെ ദേവകുമാറിൻെറ മകൻ സുബ്രഹ്മണ്യം ഫ്രീലാൻസ് മാധ്യമപ്രവർത്തകനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരന്തരം ആവശ്യപ്പെട്ടത് പ്രകാരമാണ് അഭിമുഖം അനുവദിച്ചത്. പിആറിന് വേണ്ടി ആരെയും നിയോഗിക്കുകയോ ആർക്കും പണം നൽകുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ ആരോപണങ്ങളെക്കുറിച്ച് വിശദീകരിച്ച മുഖ്യമന്ത്രി സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും വ്യക്തമാക്കി. എഡിജിപി–ആർഎസ്എസ് ചർച്ച സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. റിപ്പോർട്ട് ലഭിച്ചശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ദ ഹിന്ദു ദിനപത്രത്തെ പൂർണമായി തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. താനോ സർക്കാരോ ഒരു പിആർ ഏജൻസിയെയും അഭിമുഖത്തിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും പി ആർ പ്രവർത്തനത്തിനായി പണം ചിലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ ഇൻ്റർവ്യൂവിന് ഹിന്ദു ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞത് ആലപ്പുഴയിലെ മുൻ എംഎൽഎ ദേവകുമാറിന്റെ മകൻ ആണ്. അത് തനിക്കും താത്പര്യമുള്ള കാര്യമായതുകൊണ്ട് സമ്മതിച്ചു. സമയം കുറവായിരുന്നു. രണ്ട് പേരായിരുന്നു അഭിമുഖത്തിന് എത്തിയത്. താൻ പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയത് ശരിയായില്ല എന്ന് പറയുമ്പോഴും ഹിന്ദു ദിനപത്രത്തിനെതിരെ നടപടിയെടുക്കാനില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. നിയമനടപടിയില്ലേ എന്ന ചോദ്യത്തിൽ നിന്ന് ഹിന്ദു മാന്യമായി ഖേദം പ്രകടിപ്പിച്ചല്ലോ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയിരുന്നു.