തിരുവനന്തപുരം: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ വിശദീകരണം തേടി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിഷയത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറോടാണ് മന്ത്രി വിശദീകരണം തേടിയത്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പ്രതികരിച്ചിരുന്നു. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിർദേശം നൽകിയിരുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു.
ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്റെയടക്കം അനുമതിയും നിർദേശങ്ങളും പാലിച്ചാണ് ഷൂട്ടിങ് നടന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. തുടർന്നാണ് പ്രതികരണവുമായി ആശുപത്രി അധികൃതരെത്തിയത്. താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രിയാണ് രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ചിത്രീകരണം നടന്നത്.
സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ നിർദേശം. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്.